ഇടതടവില്ലതെ ഫോൺ ശബ്ദിച്ചുകൊണ്ടിരുന്നു.
ഒരോ മണിനാദത്തിന്റേയും ആവശ്യങ്ങൾ വ്യത്യസ്തമാണല്ലൊ!
പരിഭവം മാത്രം കൊഞ്ചുന്ന കുഞ്ഞു ചുണ്ടുകൾ കാത്തിരിപ്പിനൊടുവിൽ കരഞ്ഞ് വരണ്ടുണങ്ങി കാണണം.
ഒരിക്കലും അവസാനിക്കില്ലെന്ന് തോന്നിയ്ക്കുന്ന ഒരു ഹിമാലയൻ ടാസ്ക്കിനുമുകളിൽ നിന്നുകൊണ്ട് PM ന്റെ ശകാരവർഷം.
ഇട്ടെറിഞ്ഞ് ഇറങ്ങി പോരുകയായിരുന്നു.
പുകഞ്ഞു കൊണ്ടിരിക്കുന്ന ചിന്തകളെ ഭേദിച്ചത്, തൊട്ടുമുന്നിലുള്ള ശകടത്തിന്റെ തുറന്നിട്ട ലോഹച്ചിറകൊന്ന് ഞെരിഞ്ഞമരുന്ന ശബ്ദമായിരുന്നു.
അതിന്റെ നഖങ്ങൾ തന്റെ വണ്ടിയുടെ ശരീരത്തിലും ആഴ്ന്നിറങ്ങുന്നതും അറിഞ്ഞു.
ഓടിക്കൂടിയ ആൾക്കൂട്ടത്തിൽ നിന്ന് കട്ടിക്കണ്ണടയിലൂടെ ഉത്കണ്ഠ നിറഞ്ഞ ആ കണ്ണുകളെ തിരിച്ചറിയാൻ പ്രയാസമുണ്ടായില്ല.
മുക്കാൽ ഭാഗം കഷണ്ടിയും ശേഷിക്കുന്ന ഭാഗം നരയും കൈയ്യെറിയ തല. ഒരു റിട്ടയെർഡ് അധ്യാപകന്റേതെന്ന് തോന്നിക്കുന്ന് ശരീരഭാഷ്യം.
പെട്ടെന്ന് വീണ്ടെടുത്ത മനോധൈര്യത്തിലും പ്രായോഗിക ബുദ്ധിയിലും എല്ലാം തെളിഞ്ഞു വന്നതോടെ എല്ലാത്തിനും തീരുമാനമായി...
വാഹനത്തിന്റെ കാര്യവും ഒന്നു രണ്ടു ഫോൺ വിളികളിലൂടെ തീരുമാനമായതോടെ ഓടിക്കൂടിയ ആൾക്കൂട്ടവും പിരിഞ്ഞു.
അദ്ദേഹത്തെ വീട്ടിൽ എത്തിക്കാമെന്നും ഏറ്റു.
വണ്ടിയിലുടനീളം നിശ്ശബ്ദദ മാത്രം തളം കെട്ടി നിന്നു.അദ്ദേഹത്തിന്റെ ചുമ മാത്രം അതിൽ ഓളങ്ങൾ സൃഷ്ടിച്ചു...
പറഞ്ഞു തന്ന വളവുകൾക്കും തിരിവുകൾക്കും എല്ലാം ഒടുവിൽ വണ്ടി പഴയവീടിന്റെ മുന്നിൽ എത്തി.വണ്ടിയുടെ ശബ്ദം കേട്ടിറങ്ങി വന്ന വീട്ടമ്മ തന്റെ ഭർത്താവിനേയും കൂടെ വന്ന ആളേയും മാറി മാറി നോക്കിക്കൊണ്ട് നിന്നു.
ആശങ്കകൾ ചോദ്യച്ചിഹ്നമായി നില്ക്കുന്ന അവരുടെ മുഖത്തേയ്ക്ക് നോക്കി അദ്ദേഹം പറഞ്ഞു.
“നമ്മുടെ കാറിന് ഒരപകടമുണ്ടായി.ഈ കാറിടിച്ച് നമ്മുടെ കാറിന്റെ door കേടായി. എന്നെ കൊണ്ട് വിടാൻ വേണ്ടി വന്നതാണ്”
അപകടമൊന്നുമില്ലെന്ന തിരിച്ചറിവിൽ ആതിഥേയഭാവം എടുത്തണിഞ്ഞ് ആ അമ്മ അകത്തേക്ക് ക്ഷണിച്ചു. ഉരുളൻ കല്ലുകൾ പാകിയ മുറ്റം കടന്ന് അകത്ത് എത്തിയപ്പോൾ വരവേറ്റത് ഒരു പെൺകുട്ടിയുടെ നിറം മങ്ങിയ ഓർമ്മച്ചിത്രങ്ങളാൽ അലങ്കരിക്കപ്പെട്ട ഭിത്തിയാണ്.ആ മുറിയിൽ അവളുടെ ശൈശവത്തിലും ബാല്യത്തിലും കൗമാരത്തിലും കാലം തളയ്ക്കപ്പെട്ടു കിടന്നു.
ടീപ്പോയുടെ ചില്ലിനടിയിലും നിറയെ ചിത്രങ്ങൾ.
അതെല്ലാം കണ്ടു കൊണ്ടു നില്ക്കുമ്പോൾ അകത്തേയ്ക്ക് പോയ ഇരുവരും ഇറങ്ങി വന്നു.
“ഞങ്ങളുടെ മകളാണ്.ഇപ്പോഴിവിടില്ല.കുടുംബത്തോടെ പുറത്താണ്.വന്നിട്ട് കുറച്ചായി.ഇടയ്ക്കൊക്കെ വിളിയ്ക്കും”
പറഞ്ഞപ്പോൾ വാർദ്ധക്യത്തിന്റെ ശേഷിപ്പുകൾ ഉള്ള കണ്ണുകൾ തിളങ്ങി.രണ്ടു പേരുടെ മാത്രം സംസാരം കേട്ടുമടുത്ത വീടിന്റെ അകത്തളങ്ങൾ വല്ലപ്പോഴും ഉണ്ടാകുന്ന സംസാരങ്ങൾക്ക് കാതോർക്കുന്ന പോലെ..
പ്രതീക്ഷയോടെ എന്തൊ ശ്രദ്ധിക്കുന്ന പോലെ...
തങ്ങളെ കാണാനെത്തിയ ആ ആളിനോട് അവർ സംസാരിക്കൻ തുടങ്ങി.
വർഷങ്ങൾ പഴക്കമുള്ള കിളിക്കൊഞ്ചലുകളും കുസൃതികളും തമാശകളും എല്ലാം ഒർമ്മയുടെ ചിറകിലേറി വന്നു.
വന്നയാളുടെ ആഗമനോദ്ദേശം മറന്ന് അടുക്കും ചിട്ടയും ഇല്ലാതെ അവർ സംസാരിച്ചുകൊണ്ടിരുന്നു.
കാലത്തിന്റെ കുത്തൊഴുക്കിൽ മറഞ്ഞുപോയ ബന്ധങ്ങളെ ചികഞ്ഞെടുത്ത് മിനുക്കി.
ആവേശത്താൽ തൊണ്ട ഇടറി.
വർഷങ്ങളായി കെട്ടി വെച്ച വാക്കുകൾ ഒഴുകി.
മറുത്തൊന്നും പറയാനാവാതെ അമ്പരുന്നു നിന്നപ്പോൾ അദ്ദേഹം പറഞ്ഞു.
“മോള് വിഷമിക്കുകയൊന്നും വേണ്ടാട്ടോ...വണ്ടി വന്നു മുട്ടിയപ്പോൾ എന്റെ മോൾ വണ്ടിയോടിയ്ക്കാൻ പഠിച്ചതാ ആദ്യം ഓർമ്മ വന്നത്.അവൾ പക്ഷെ അതോടെ നിർത്തിക്കളഞ്ഞു...”“സാരമില്ലന്നേയ്...അബദ്ധമൊക്കെ ആർക്കും പറ്റും”
നിറഞ്ഞ കണ്ണുകളോടെ വാർദ്ധക്യം ചിത്രം വരച്ച ആ മുഖത്തേയ്ക്ക് നോക്കി നില്ക്കനേ സാധിച്ചുള്ളൂ.
നിർവ്വചിക്കാനാവാത്ത അദൃശ്യ ബന്ധത്തിന്റെ തലോടൽ..
വേഗമേറിയ ജീവിതതിരക്കുകൾക്കിടയിൽ, തിരിച്ചെടുക്കാനാവാത്ത ജീവിതനഷ്ടങ്ങൾ പറന്ന് ചക്രവാളത്തിനപ്പുറത്തേയ്ക്ക് മറയുന്നത് അവൾ ഒരു നിമിഷം കണ്ടു.
അവരുടെ ഈ ഏകാന്തത വർധക്യകാല അസുഖങ്ങളോടൊപ്പം എത്ര തന്നെ അസഹ്യമാണെന്നും കണ്ടറിഞ്ഞു...
കാത്തിരുന്ന് കരഞ്ഞുകരഞ്ഞ് ഉറക്കത്തിലേയ്ക്ക് മയങ്ങി വീഴാൻ തുടങ്ങുന്ന നനഞ്ഞ കുഞ്ഞുകൺപീലികളെ അവൾ പെട്ടെന്നാണ് ഓർത്തത്.
അവളുടെ വണ്ടി അങ്ങോട്ട് പാഞ്ഞു പോയി
5 അഭിപ്രായങ്ങൾ:
Great!!
Touching.. :(
വായിച്ചിട്ട് ആദ്യം നോക്കിയത് ഇതു സിജിയോ കെകെയൊ തന്നെയാണോന്നാണ്... അമ്മോ.. ഒരു രക്ഷയുമില്ല.. ഒടുക്കത്തെ ആരാധകനായി.. :)
kollam nannayittundu ...... prayogangal ..... pakshe entellamo confuse cheyyunna pole ... chila aasayangal vykthamakunnilla enna thonnal.....keep writing....
Its nice KK...
Nalla language. Njangalkkishtamayi.
MiniSuni
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ