ബുധനാഴ്‌ച, നവംബർ 09, 2011

ഓർമ്മകളുടെ തീരം

രംഗം 1
വിസ്മൃതികളുടെ മഹാനദീതീരം
ലീഥീ നദീ* തീരം
കൊല്ലവർഷം 1158 ഇടവം 31 ലെ ഒരു സായാഹ്നം..
വീരയോദ്ധാക്കളുടെ സ്മൃതികൾ പേറിയ ലീഥി നദി ശാന്തമായി ഒഴുകുകയായിരുന്നു.
ഒരു മന്ദമാരുതൻ നദിയെ തഴുകി ചെറു ഓളങ്ങൾ സൃഷ്ടിച്ച് കടന്നു പോയി.
പോക്കുവെയിൽ ആ ഓളങ്ങൾക്ക് സുവർണ്ണ ശോഭ പകർന്നു.
പടച്ചട്ടകളഴിച്ച് ഖഡ്ഗകിരീട ഭാരങ്ങളില്ലാതെ തലയെടുപ്പോടെ നടന്നുവരുന്ന വീരയോദ്ധാവിനെ പ്രതീക്ഷിച്ചു നിന്ന ദൈവതങ്ങൾ അത്ഭുതം കൂറി നിന്നു.
ഒറ്റമുണ്ടും ഷർട്ടും കറുത്ത കട്ടിക്കണ്ണടയും നര കയറിയ ശിരസ്സുമായി ഒരു ചെറിയ മനുഷ്യൻ !
കണ്ണിൽ നിതാന്ത ശാന്തത..
കുറച്ചു നേരം അദ്ദേഹം നദിയുടെ സന്ധ്യാ സൗന്ദര്യം ആസ്വദിച്ച് സ്വയം മറന്നങ്ങനെ നിന്നു.
വിഷാദം കലർന്ന ഒരു മന്ദസ്മിതം തൂകി.
ശാന്തനായി നദിയിലേയ്ക്കിറങ്ങി.
ഒരു കൈക്കുമ്പിൾ നിറയെ വെള്ളമെടുത്ത് കുടിച്ചു.
ഒർമ്മകളുടെ ഭാരമിറക്കി വെച്ചു.
കരകാണാക്കരയിലേയ്ക്ക് നീന്തി പോയി.
കെ.കൃഷ്ണപിള്ള..എന്റെ അച്ഛന്റെ അച്ഛൻ..
ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത എന്റെ അച്ചാച്ചൻ..
പൊടുന്നനെ സ്മരണകളുടെ ആ മഹാനദീതീരം മുറിച്ച് കടന്നെത്താൻ എന്റെ അമ്മയുടെ വിളി എനിയ്ക്ക് വന്നു.
ഞാൻ എന്റെ സുഖസുഷുപ്തിയിൽ നിന്നുണർന്നു.

കണ്ണീരിൽ ചാലിച്ച വാക്കുകളിൽ അച്ഛൻ തന്റെ ഡയറിയിൽ കുറിച്ചിരുന്നു.
ഞാനെന്റെ അച്ചാച്ചന്റെ പുനർജ്ജന്മമാകാമെന്ന്..
അങ്ങനെ ഞാൻ ഞാനായി.
ഞാനെന്റെ അച്ഛനെ ആദ്യമായി കണ്ടുമുട്ടി...

രംഗം 2

എന്റെ അലസതയും മടിയും ഒക്കെ കണ്ടിട്ടാകണം പലതവണ അച്ഛൻ പറഞ്ഞു തന്നെ ഒരു കഥയുണ്ട്.
അച്ഛൻ ഓട്ടത്തിന്റെ ആ കഥ തുടങ്ങും.

“ഞാൻ സ്കൂളീ പഠിക്കണ കാലത്ത് പത്രം ഇടാൻ പോകുമായിരുന്നു.
പാൽ കൊണ്ടുപോകുന്നതും എന്റെ ഡ്യൂട്ടി ആയിരുന്നു.
എല്ലാം ഒരോട്ടത്തിലാണ്‌ തീർക്കുക..”

“ഓ..എന്റെ അച്ഛാ..എത്രാമത്തെ തവണയാ ഞാനീ കഥ കേൾ ക്കുന്നേ..അന്ന് വണ്ടിയൊന്നുമില്ലാല്ലോ..
അതൊക്കെ പഴയ കഥയായില്ലേ ?”

അച്ഛൻ ചിരിക്കും
“നമ്മളും നമ്മുടെ കഥകളും എല്ലാം പഴഞ്ചനായി ല്ലേ..”

കൈയ്യിൽ പാൽ പാത്രവും കക്ഷത്തിൽ ദിനപ്പത്രവുമായി കൊലുന്നനെയുള്ള ഒരു പയ്യൻ ഒടിക്കിതച്ച് വന്ന് നെറ്റിയിലെ വിയർപ്പുതുള്ളികൾ ഷർട്ടിന്റെ കൈയ്യിൽ തുടച്ചെടുത്ത് വന്ന് നിൽക്കുന്നു.
ഓടിയോടി കാലിലെ പേശികൾക്ക് ഉരുക്കുപോലെ കരുത്താണ്‌.എന്തിനേയും താങ്ങാനുള്ള ഉറപ്പാണ്‌.
കഷടപ്പാടുകൾക്കിടയിലുള്ള ഈ ഓട്ടം മനസ്സിനേയും ദൃഢമാക്കിയിരിക്കുന്നു.
കണ്ണുകളിൽ എന്തിനേയും വെട്ടിപ്പിടിക്കാനും അറിവിനും വേണ്ടിയുള്ള തീക്ഷ്ണമായ തിളക്കം.

ആ പയ്യന്റെ കൈയ്യിലെ പാൽ പാത്രവും പത്രക്കെട്ടുമെല്ലാം ജീവിതവും അതിന്റെ പച്ചയായ യഥാർത്ഥ്യങ്ങളുമായി എന്റെ മുന്നിൽ നില്ക്കുന്നു.

ഇങ്ങനെ എത്രയോ കഥകൾ..
ജീവിതയാഥാർത്ഥ്യങ്ങൾ...പറയാനിരുന്നതും പറയാതെ ബാക്കി വച്ചതും..
അച്ഛൻ എഴുതിയ ഡയറിക്കുറിപ്പുകളും ലേഖനങ്ങളും വരച്ച ചിത്രങ്ങളും എല്ലാം തന്നെ ഏറെക്കുറെ കാലത്തിന്റെ ചിതലുകൾ കാർന്നെടുത്തു കഴിഞ്ഞു.അവശേഷിക്കുന്നവയിൽ ഇനിയും ഒരുപാട് കഥകളുണ്ട്. ജീവിതമുണ്ട്.
കവിതയും പ്രണയവും വിപ്ലവവും ഗീതയും ഫിലോസഫിയും എല്ലാം അതിൽ സമ്മേളിക്കുന്നുണ്ട്.
ആ അക്ഷരങ്ങളും അച്ഛച്ഛനേപ്പോലെ വിസ്മൃതിയിൽ സ്വയം വിമുക്തി നേടി ലീഥീ നദീതീരം തേടുന്നു.
ഓർമ്മകളുടെ ഭാരങ്ങൾ ഭൂമിയിലുള്ളവരെ ഏല്പ്പിച്ച് മടങ്ങാനൊരുങ്ങുന്നു.

മണ്ണിലേയ്ക്ക് ആഴ്ന്നുറച്ച വേരുകളും വിശാലമായ ആകാശത്തേയ്ക്ക് തുറന്നുവെച്ച് പടർന്ന് പന്തലിച്ച ശാഖകളും ഉള്ള ഒരു വലിയ നന്മ മരം.ആ വൃക്ഷം കനിഞ്ഞു തന്ന തണലും തണുപ്പും മധുരവുമായിരുന്നു ജീവിതം.
പേമാരിയിലും ഇടിമിന്നലിലും ഉഷ്ണത്തിലും അതിന്റെ കീഴിൽ എല്ലാവരും സുരക്ഷിതരായിരുന്നു.
പെട്ടെന്നൊരു ദിവസം ആ തണലിൽ നിന്ന് ശൂന്യമായ മരുഭൂമിയിലെ തീച്ചൂളയിലേയ്ക്ക് വലിച്ചെറിയപ്പെട്ട പോലെ..
പറയുവാനുള്ളതെല്ലാം നിത്യമായ ഒരൊറ്റ മൗനത്തിന്റെ അർത്ഥഗർഭത്തിലൊളിപ്പിച്ച്..

അതിനിടയിൽ ചേർത്ത് വയ്ക്കാൻ വിട്ടുപോയ നൂലിഴകളെ ഞാൻ തിരയുകയാണ്‌.
അതെവിടെയാണ്‌?
വിസ്മൃതിയിലോ? കാലത്തിലോ?
നിശ്ശൂന്യതയിൽ എവിടെ നിന്നാണ്‌ വീണ്ടും നെയ്തെടുക്കേണ്ടത്?
ചോദിച്ച് ചെല്ലുവാൻ ഭൂമിയിൽ ഏതു തീരമാണ്‌ അണയേണ്ടത്?
സ്മൃതിയുടെ തീരമാണോ?
അതൊ വിസ്മൃതിയുടേയോ?
ഞാനതിനു വൈകിയോ?

“പാടനിവിടെ കരുതിയ ഗാനം
പാടീലല്ലോ ഞാനിനിയും
കമ്പി മുറുക്കി ശ്രുതി ശരിയാക്കി
കാലം പോയീ ഇതു വരെയും
പാടണമെന്നഭിലാഷം മാത്രം
കരളിൽ തിങ്ങുന്നതു മാത്രം”

കാതിൽ നിറയുന്നിതു മാത്രം....
കാതിൽ നിറയുന്നിതു മാത്രം....

*കുറിപ്പ്
River Lethe : River of forgetfulness വിസ്മൃതികളുടെ നദി
ഗ്രീക്ക് പുരാണങ്ങളിലെ അധോലോകത്തിന്റെ അധീശനായ ഹേഡ്സിന്റെ അധീനതയിലുള്ള നദി.
മണ്മറഞ്ഞവരുടെ ആത്മാക്കൾ ഈ നദിയിലെ ജലം കുടിച്ച് പുനർജജനി തേടുന്നു എന്നാണ്‌ സങ്കൽപ്പം. അതോടുകൂടി ഭൂമിയിലെ ജീവിതത്തിലെ എല്ലാ ഓർമ്മകളും ഇല്ലാതാവുകയും ചെയ്യുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: