ആരോ എന്റെ മാല പിടിച്ച് വലിയ്ക്കുകയാണ്.
കഴുത്ത് വെട്ടിത്തിരിഞ്ഞ് ഞാന്‍ വിടുവിക്കാന്‍ ശ്രമിക്കുകയാണ്.
മാല പൊട്ടുകയാണ് ചെയ്തത്...
ഇഴ പൊട്ടി...മുത്തുകൾ ചിന്നിച്ചിതറി...അകന്നകന്നു പോവുകയാണ്...
തടയാന്‍ ഞാന്‍ ശ്രമിക്കണം എന്നുണ്ട്.
പക്ഷെ നോക്കി നില്‍ക്കാനേ കഴിയുന്നുള്ളൂ.
ഓരോ മുത്തുകളും അകന്നുപോകുന്നു.
അകന്നു പോയിക്കൊണ്ടേ ഇരിക്കുന്നു...............
എന്റെ മാലയെവിടെ?എവിടെ ആ മുത്തുകൾ.
ഞാന്‍ മനസ്സിലാക്കുന്നു.അത് മാലയല്ല...അവ മുത്തുകളും അല്ല.
അതെന്റെ ആത്മബന്ധമായിരുന്നു.മനസ്സിനെ തൊട്ടറിഞ്ഞ, എന്റെ കൂട്ട്.
ഒരുപാടൊരുപാട് സന്തോഷിച്ചും സങ്കടപ്പെട്ടും സമാധാനിപ്പിച്ചും ഒക്കെ ഉണ്ടാക്കിയെടുത്ത കൂട്ട്.
അങ്ങനെ പറയുക തന്നെ വയ്യ..
ആരാരും അറിയാതെ,പരസ്പരം പോലും അറിയാതെ വന്നു പോയതാണ്.
നിമിഷങ്ങളും മണിക്കൂറുകളും ദിവസങ്ങളും മാസങ്ങളും ഇഴ ചേർന്ന്...
അതിനു സാക്ഷികളായ മറക്കാനാവാത്ത ഓര്‍മ്മകള്‍ മുത്തുകൾ കോർത്ത് ...
അതെല്ലാമല്ലേ വിസ്മൃതിയിലേക്ക് ചിതറിപ്പോയത്...??
പെട്ടെന്ന്‍ ഞെട്ടിയുണര്‍ന്നു..
എന്റെ മാലയെവിടെ?
ഇവിടെത്തന്നെ ഉണ്ടല്ലോ..
ഓ...സ്വപ്നമായിരുന്നോ...!!!!