ബുധനാഴ്‌ച, മാർച്ച് 01, 2017

വരൂ നവനവാകാരമാർന്നു നീ...

കുറച്ച് ദിവസങ്ങൾക്ക് മുൻപ്....
ഒരു ഞായറാഴ്ചയായിരുന്നു എന്നാണ് ഓർമ്മ.ഒരു വിചിത്രമായ അനുഭവമുണ്ടായി. സ്വപ്നമെന്നും കരുതാം യാഥാർത്ഥ്യമെന്നും. അതു രണ്ടുമല്ലെങ്കിൽ ഇതിനു രണ്ടിനുമിടയിലെ ഒരു നേർത്ത വഴിയിലൂടെയുള്ള ഒരു പ്രയാണം!

ഞാൻ മരിച്ച് കഴിഞ്ഞിരുന്നു.
എന്റെ കുഞ്ഞുങ്ങൾ,പ്രിയ അവർ എന്റെ ചുറ്റുമുണ്ടായിരുന്നു.
അവർ അറിഞ്ഞില്ലേ എന്ന് ഞാൻ വിചാരിക്കുകയായിരുന്നു.
എനിയ്ക്കവരോട് ഒന്നും തന്നെ പറയുവാൻ കഴിഞ്ഞിരുന്നില്ല.
എപ്പോഴാണ് ഞാനവരെയെല്ലാം വിട്ട് പോയത്?
വല്ലാത്തൊരു മാനസിക സംഘർഷത്തിൽ നിൽക്കുമ്പോൾ ഒരു പാട്ട് എന്നിലേയ്ക്ക് ഒഴുകി വന്നു.
ഒരു കുളിർ തഴുകലേറ്റ പോലെ ആ ഗാനം എന്നിലെ ആത്മാവിനെ ശരീരമാകുന്ന അസ്തിത്വത്തിലേയ്ക്ക് തിരികെയെത്തിച്ചു.
"അങ്ങ് എവിടെയാണ്? അങ്ങ് എവിടെ വസിക്കുന്നു എന്ന് പറയുമോ?"
ആ വരികൾ എന്നെ തഴുകി മന്ദം ഒഴുകി.
ഞാൻ മെല്ലെ ഉറക്കത്തിൽ നിന്ന് ഉണർന്നു,
ഒന്നും പറയുവാൻ ചുണ്ടുകൾ അനങ്ങിയില്ല.
കാതുകളിൽ ആ ഗാനം മാത്രം നിറഞ്ഞു നിന്നു.
പ്രിയയും കുഞ്ഞുങ്ങളും അരികെ തന്നെയുണ്ട്.
ശ്രദ്ധിച്ചപ്പോൾ ദുർഗ്ഗ മൊബൈലിൽ ഏതോ വീഡിയോ പ്ലേ ചെയ്യാൻ ശ്രമിക്കുകയാണ്.

"कहा रहते हो प्रभू ...
कहा रहते हो,ये तुम बता वो"

ഞാൻ ആദ്യമായി ആ വീഡിയോ അപ്പോഴാണ് കാണുന്നത്, ആ ഗാനവും!

https://youtu.be/9VW43iv1Ux

"ഞാൻ" എന്ന അഹം  മരിച്ച് മരവിച്ച് നിന്നു.
കുഞ്ഞുങ്ങൾ,പ്രിയ അവർ എന്റെ ചുറ്റിലുമുണ്ടായിരുന്നു.
"ഞാൻ"അറിഞ്ഞതേയില്ല.
"എനിയക്ക്" ഒന്നും തന്നെ പറയുവാൻ കഴിഞ്ഞിരുന്നില്ല.
എപ്പോഴാണ് "ഞാന"വരെയെല്ലാം വിട്ട് പോയത്?
തിരിച്ചറിയുന്നു....
അങ്ങ് എന്നിൽ എത്ര മനോഹരമായാണ് വന്നണയുന്നത്!
എന്നിലെ എന്നെ തിരിച്ചറിയിക്കുന്നത്.
എന്നിലേയ്ക്ക് മാത്രമായി തുറന്നിരുന്ന മിഴികൾക്ക് ഉൾക്കാഴ്ചയുടെ കരുത്ത് പകരുന്നത്.
വീണ്ടും....
"വരൂ നവനവാകാര-
മാർന്നു നീയെന്റെ ജീവനിൽ !
വരൂ ഗന്ധത്തിൽ, വർണ്ണത്തിൽ,
നാനാ ഗാന സ്വരങ്ങളിൽ..."
               -ജി-ഗീതാജ്ഞലി