വ്യാഴാഴ്‌ച, മേയ് 28, 2009

കണ്ണാന്തളിപ്പൂക്കൾ

ഈ കണ്ണാന്തളി പൂക്കൾക്ക്‌ നല്ല ഭംഗിയാണോ?
നല്ല മണമുണ്ടോ?
അതോ തുമ്പപ്പൂ പോലെ ലാളിത്യമുള്ള കുഞ്ഞു പൂക്കളാണോ?
എനിയ്ക്കറിയില്ല...
പക്ഷെ എന്താണെന്ന് അറിയില്ല
എന്തോ ഒന്ന് വല്ലാതെ സ്വാധീനിക്കുന്നുണ്ട്‌.

അത്‌ എന്താണ്‌?
ആ ഒരു പേരു കേൽക്കുമ്പോൾ ഉണ്ടാകുന്ന പറയാനാവാത്ത ഒരു
ഗൃഹാതുരത്വം?
അതാലോചിക്കുമ്പോൾ മനസ്സിലേക്ക്‌ ഓടിയെത്തുന്ന; മനസ്സിനെ കുളിർപ്പിക്കുന്ന,
ആരാരും ശ്രദ്ധിക്കാതെ മഴയത്ത്‌ കുതിർന്ന് തലകുനിച്ച്‌ നിൽക്കുന്ന ഒരു കുഞ്ഞു
പൂവിനോടുള്ള വാത്സല്യം??
ഒരു നെടുവീർപ്പിടുമ്പോൾ ആ ഒരു കുഞ്ഞുപൂവിന്റെ മണം തരുന്ന അറിയിക്കാനാവാത്ത സന്തോഷം..??

പറയാനാവുന്നില്ല...
അതോ ഒരു തേങ്ങലാണോ...??
എം ടി യുടെ "കണ്ണാന്തളിപ്പ്പ്പൂക്കളുടെ കാലം" വായിക്കുന്ന അന്നു മുതൽ ഉള്ളതാണീ വിചാരങ്ങളെല്ലാം.
അന്നൊന്നും അറിവില്ലായിരുന്നു ഒരു പൂവിനേപ്പറ്റി...
മനസ്സിന്റെ സങ്കൽപ്പങ്ങളായിരുന്നു പൂവിന്റെ നിറവും മണവും നിഷ്കളങ്കതയും എല്ലാം...
ഒരിക്കൽ മാതൃഭൂമിയിൽ വന്ന വാർത്തയാണ്‌ സങ്കൽപ്പങ്ങൾക്ക്‌ ശരിയ്ക്കും നിറം പകർന്നത്‌.
ആദ്യം നിരാശ പിന്നീട്‌ പ്രത്യാശയും...
കാലവർഷത്തിന്റെ വരവറിയിപ്പിനൊപ്പം കുന്നുകളെ നിറച്ചാർത്തണിയിച്ചിരുന്ന പൂക്കൾ, ഇപ്പോൾ പഴമക്കാരുടെ മന:സ്സുകളിൽ നിന്നുപോലും വിസ്മൃതിയിലേയ്ക്ക്‌ മാഞ്ഞുപോയിക്കൊണ്ടിരുക്കുന്നു.
വടക്കൻ കേരളത്തിൽ,തൃശ്ശൂർ മലപ്പുറം,വയനാട്‌ ജില്ലകളിൽ പറമ്പൻപൂവ്‌,കൃഷ്ണപൂവ്‌ എന്നീ പേരുകളിലും അറിയപ്പെടുന്നു..(പേരിൽ പോലുമുണ്ട്‌ ഒരാത്മബന്ധം..!!!)

40
മുതൽ 70 സെ മി ഉയരത്തിൽ ചതുരാകൃതിയോടുകൂടിയ തണ്ടും,കടുംവയലറ്റ്‌ നിറത്തോടുകൂടിയ അഗ്രവും വെളുത്ത ഇതളുകളും മഞ്ഞ കേസരങ്ങളും ഉള്ള പൂക്കൾ.

ദാ ഇതാണ്‌ കണ്ണാന്തളി!
ഒരു ചെടിയിൽ 40 മുതൽ 80 വരെ പൂക്കളുണ്ടാകും.
ഒരോ പൂവും ഒരാഴ്ച വരെ വാടാതെ നിൽക്കും.
ശക്തമായ മഴയിലും വീണുപോകാത്ത കരുത്തുണ്ട്‌.
അഞ്ച്‌ മാസക്കാലത്തെ വിരുന്നിനു ശേഷം കായ്കൾ ഉണങ്ങി, വരും തലമുറയ്ക്കായ്‌ അരങ്ങൊഴിയും.
ആതിഥ്യം അരുളിയിരുന്ന കുന്നുകളും പുൽമേടുകളും അപ്രത്യഷമായതോടെ വംശനാശഭീഷണിയെ നേരിടുന്ന പൂക്കൾ ഇപ്പോൾ കാർഷിക സർവ്വകലാശാലയുടെ പഠനഗവേഷണകേന്ദ്രത്തിൽ പുനർജ്ജനി തേടുന്നു...!!!
അറിയാം, ഒരിക്കലും ചട്ടിയിൽ വളരുന്ന ഗവേഷണപൂക്കൾക്ക്‌ പഴയകാലത്തിന്റെ നിഴൽ പോലുമാകാനാവില്ലെന്ന്.
ജീവന്റെ നാമ്പിടാൻ കോരിച്ചൊരിഞ്ഞു കാലവർഷവും;
പ്രണയിച്ച്‌...നെഞ്ചിലേറ്റി..സ്വയം അലങ്കരിക്കപ്പെടാൻ കൊതിച്ച്‌ കാത്തുനിൽക്കാൻ പുൽമേടുകളും കുന്നിൻപുറങ്ങളും ഇല്ലാതെ...
എങ്ങനെ...?
മന:സ്സുകളിൽ നിന്ന് നന്മയും നിഷ്കളങ്കതയും സ്നേഹവും കുഞ്ഞുപൂക്കളേപ്പോലെ തന്നെ അന്ന്യം നിന്നു പോയിക്കൊണ്ടിരിക്കുന്നു...
എവിടെയൊക്കെയോ ഇരുന്ന് പഴയകാലത്തിലേയ്ക്ക്‌ നോക്കി നെടുവീർപ്പിടുന്നു...
വീണ്ടും പൂത്തുലയണമെന്ന് പ്രത്യാശിക്കുന്നു...
"നീരാടി നിൽക്കുന്ന കാട്ടുപൂവിൻ മണമാരാൽ

കരയിക്കയാണെന്റെ ജീവനെ..?
വല്ലാതെയെൻ മനം വ്യാകുലമാകുന്നതെല്ലാം
മറന്നു കൊണ്ടേതു മോഹത്തിനാൽ...?"
ആരാണ്‌ ഇങ്ങനെ തേങ്ങുന്നത്‌...?

അനുബന്ധം


Botanical name : Exacum bicolor Roxb.
Family : Gentianaceae