വെള്ളിയാഴ്‌ച, നവംബർ 20, 2009

ദേവഭൂമി ബദ്രിനാഥിൽ നിന്ന്…

എം.കെ.രാമചന്ദ്രന്റെ "ഉത്തരാഖണ്ഢിലൂടെ",“തപോഭൂമി ഉത്തരാഖണ്ഢ്തുടങ്ങിയ പുസ്തകങ്ങൾ വായിക്കുമ്പോൾ അദ്ദേഹത്തിന്റെ യാത്രാവിവരണങ്ങളൊക്കെയും അതിശയോക്തിയോ യാദൃശ്ചികമോ അല്ലെങ്കിൽ കാൽപനികമോ എന്നുതന്നെ തോന്നാവുന്ന സംഭവങ്ങളുടെ ഒക്കെ വിവരണം എന്നേ എനിക്ക് തോന്നിയിട്ടുള്ളൂ. ഒരിക്കലും വായനക്കാരന് എസ്.കെ.പൊറ്റാക്കടിന്റെയും മറ്റും യാത്രാവിവരണങ്ങൾ തരുന്ന സഹായത്രികനാണെന്ന ഉപബോധം അത് സൃഷ്ടിക്കുന്നില്ല.വ്യക്തിയുടെ മാത്രം കഴിവോ ഭാഗ്യമോ അല്ലെങ്കിൽ "ദൈവ"അനുഗ്രഹമോ ഒന്നു കൊണ്ടു മാത്രം സംഭവിക്കുന്നതായേ തോന്നുകയുള്ളൂ. എത്രയോ ആളുകൾ വർഷം തോറും പോകുന്നു? അന്നേ ഒരു തോന്നലായിരുന്നു; എനിക്കും പോകണം ദേവഭൂമി ബദ്രിനാഥിൽ. എതാണ്ട് സമാനചിന്താഗതിയുമായി ഷിംജിയേട്ടൻ കൂട്ടായി വന്നപ്പോൾ കാലങ്ങളായി മനസ്സിൽ ഉണ്ടായിരുന്ന ആഗ്രഹത്തിന് സാഫല്യമായി.

സതോപന്ത്
,ഭാഗീരഥ്ഖാരക് എന്നീ മഞ്ഞുമലകളിൽ നിന്ന് ഉത്ഭവിച്ച്,പഞ്ചപ്രയാഗ് കളിൽ (പ്രയാഗ് എന്നാൽ നദികളുടെ സംഗമമെന്നർത്ഥം)യഥാക്രമം വിഷ്ണുപ്രയാഗിൽ ധൗളി ഗംഗ,നന്ദപ്രയാഗിൽ നന്ദാകിനി,കർണ്ണപ്രയാഗിൽ പിണ്ടാർ നദി,രുദ്രപ്രയാഗിൽ മന്ദാകിനി,ഒടുവിൽ ദേവപ്രയാഗിൽ ഭാഗീരഥി നദിയുമായും സംഗമിച്ച്,ഭാരതസംസ്കാരത്തിനു തന്നെ അമ്മയായ ഗംഗയായി പരിണമിക്കുന്ന അളകനന്ദ നദി. അളനന്ദയുടെ തീരത്താണ് ദേവഭൂമി ബദ്രിനാഥ്.
6
മാസക്കാലത്തെ മനുഷ്യരുടെ പൂജയ്ക്ക് മഞ്ഞുകാലം വിരാമമിടുമ്പോൾ, വരുന്ന ആറുമാസക്കാലം ദേവന്മാർ നേരിട്ട് തന്നെ പൂജ ചെയ്യുന്നു എന്ന് സങ്കൽപം. ഇപ്പോഴെന്തായാലും അവർക്ക് കൂട്ടായി നമ്മുടെ പട്ടാളക്കാരും ഉണ്ട് (ചൈന നുഴഞ്ഞുകയറ്റത്തിനെതിരെ സദാ ജാഗരൂകരായി) ദില്ലി - മാനാ നാഷണൽ ഹൈവേ-58 ഹരിദ്വാറിൽ നിന്ന് ഏകദേശം 350 കി മി യാത്രചെയ്ത് വേണം ബദ്രിനാഥിലെത്താൻ.യാത്രയിലുടനീളം അളകനന്ദ നമുക്ക് കൂട്ടായി ഉണ്ടാകും.നദിയെ back track ചെയ്യുന്നവിധമാണ് ഹൈവേയുടെ കിടപ്പ്. ഒരു ഹിമാലയൻ യാത്രയുടെ എറ്റവും വലിയ വെല്ലുവിളി അവിടുത്തെ പ്രകൃതി തന്നെ.പെട്ടെന്ന് രൂപഭാവം മാറുന്ന കാലാവസ്ഥയും,"ചക്കിയ്ക്കൊത്ത ചങ്കരൻ" എന്ന പോലെ ഒന്നു തുമ്മിയാൽ കൂടി ഊർന്ന് പോരാവുന്നതും പാളികൾ പോലെ ഘടനയോടും കൂടിയ മലനിരകളും.ഇതൊക്കെ ആയിട്ടും നല്ല മഴക്കാലത്താണ് യാത്ര.യാത്രയിലുടനീളം മലയിടിച്ചിൽ കാണാമയിരുന്നു. ബ്രൊയുടെ(Border Road Organization)മുന്നറിയിപ്പുകളും..!! അതിർത്തിപ്രദേശങ്ങളിൽ റോഡുകളുടെ പരിപാലനം 'ബ്രൊ'യ്ക്കാണ്.യുദ്ധകാലാടിസ്ഥനത്തിലുള്ള മിലിട്ടറി രീതികൾ അവർക്കേ സാദ്ധ്യമാകൂ.അതും ഇത്തരത്തിലുള്ള ഭൂപ്രകൃതിയിൽ.

ഭാഗ്യമെന്ന്
പറയട്ടെ (ഉറപ്പിച്ച് പറയാൻ,യാത്ര മുഴുമിപ്പിച്ചിട്ട് മതി എന്ന് പിന്നീട് മനസ്സിലായി), മഴയും മഞ്ഞും ഒന്നുമില്ലാത്ത വെയിലുള്ള നല്ല തെളിഞ്ഞ കാലാവസ്ഥ, ആദ്യമായി വരുന്നവന് നല്ല ആതിഥേയത്വം എന്നപോലെ യാത്രയിലുടനീളം കിട്ടി.
ജോഷിമഠിൽ
(ശ്രീ ശങ്കരാചാര്യരുടെ ശങ്കരമഠം) ആർമ്മി ചെക് പോസ്റ്റിൽ നിന്ന് ബാച്ചുകളായേ ബദ്രിയിലേക്ക് കടത്തി വിടൂ.ഡ്രൈവർ വിക്രം സിങ്ങിന്റെ ടൈം മനേജ്മന്റ് ആദ്യബാച്ചിന്റെ അവസാനമായി കയറിക്കൂടാൻ സഹായിച്ചു.അങ്ങനെ രാവിലെ 9മണിയോടെ ദേവഭൂമിയിൽ എത്തിച്ചേർന്നു.ഗാംഭീര്യത്തോടെ തല ഉയർത്തി നിൽക്കുന്ന നീലകണ്ഢപർവ്വതത്തിനു താഴെ,അളകനന്ദയുടെ തീരത്ത് കർണ്ണാടക ക്ഷേത്രമാതൃകയിൽ കണ്ണഞ്ചിപ്പിക്കുന്ന വർണ്ണങ്ങളോടെ നിൽക്കുന്ന ബദ്രിനാഥന്റെ വാസസ്ഥലം ദൂരെ നിന്നു തന്നെ ശ്രദ്ധയിൽപ്പെടും. പണ്ട് ബുദ്ധഭിക്ഷുക്കളാൽ ഉപേക്ഷിക്കപ്പെട്ട വിഷ്ണുവിഗ്രഹം ശങ്കരാചാര്യരാൽ കണ്ടെത്തുകയും താത്ത്വികമായ ഒരു യുദ്ധത്തിലൂടെ അവരെ പരാജയപ്പെടുത്തി വിഗ്രഹം അവിടെ പുന:സ്ഥാപിച്ച് പൂജാതികർമ്മങ്ങൾ കണ്ണൂരിൽ നിന്നുള്ള നമ്പൂതിരിമാരെ എൽപ്പിച്ചു എന്നുമാണ് പുരാണം.റാവൽ എന്നാണ് പ്രാധാനപൂജാരി അറിയപ്പെടുന്നത്.ശബരിമലയിൽ തന്ത്രി എന്നതുപോലെയാണ് റാവൽജി.ഒരു രാജാവിന്റെ സ്ഥാനമാണ് അദ്ദേഹത്തിന്.വേഷവിധാനങ്ങളും അങ്ങനെ തന്നെ.വലിയ ഗൗൺ പോലെയുള്ള വെൽ വെറ്റ് ഉടുപ്പും തൊപ്പിയും വെള്ളിക്കോൽ ഏന്തിയ അനുചരനും മറ്റും...
6
മാസക്കാലത്തെ പൂജക്കിടയിൽ നദി കടന്ന് അപ്പുറത്തേക്ക് പോകാൻ റാവൽജിക്ക് അവകാശമില്ല.ക്ഷേത്രവും അതിനോട് ചേർന്ന വാസസ്ഥലവുമായി 6 മാസം!!ബാക്കി 6 മാസം താഴെ ജോഷിമഠിൽ..വിവാഹവും നാട്ടിൽ പോക്കും റാവൽസ്ഥാനം ഒഴിഞ്ഞതിനു ശേഷം മാത്രം.രണ്ടാമതു പറഞ്ഞതിന് ഇപ്പോൾ ചെറിയ ഇളവുകൾ ഉണ്ടെന്ന് തോന്നുന്നു.

ഭാണ്ഡക്കെട്ടുകൾ
കാറിൽ വെച്ച് ഉടുക്കാനുള്ള മുണ്ടും വാങ്ങി ഞങ്ങൾ ക്ഷേത്രപരിസരത്തേയ്ക്ക് നീങ്ങി.അവിടുത്തെ അത്ഭുതങ്ങളിൽ ഒന്നായ തപ്തകുണ്ഢിൽ കുളിക്കണമെന്ന മോഹം ഷിംജിയേട്ടൻ പ്രകടിപ്പിച്ചപ്പോൾ സാധനസൂക്ഷിപ്പുകാരനായി ഞാൻ നിന്നു.തപ്തകുണ്ഢ് ഒരു hot spring ആണ്. സൾഫർ പാറകളിൽ വെള്ളം രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ exothermic reaction വഴി heat ഉണ്ടാകുകയും വെള്ളം കൊടും തണുപ്പിലും തിളച്ചുമറിയുകയും ചെയ്യും!!പ്രകൃതിയുടെ സ്വന്തം water heater!!!) ശങ്കരാചാര്യരെ അന്നത്തെ കാലത്തെ ഒരു സാഹസികയാത്രികനായി കണക്കാക്കിയാൽ കൊടും തണുപ്പിൽ ഇത്തരത്തിലൊരു ഹോട്ട് സ്പ്രിംഗിനോടു ചേർന്ന് വാസസ്ഥലം സ്ഥാപിച്ചതിൽ അതിശയോക്തി തോന്നാനിടയില്ല. കുളി കഴിഞ്ഞ് ഭംഗിയായി തൊഴുതു, തീരെ തിരക്കുണ്ടായിരുന്നില്ല.ഷിംജിയേട്ടനു ബലിയിടാനുള്ള ഏർപ്പാടുകൾ ശങ്കരേട്ടനെ വിളിച്ചപ്പോൾ ഏർപ്പാടു ചെയ്തു തന്നു.അദ്ദേഹം ബദ്രിയിലെ അദ്വൈത ഫൗണ്ടേഷന്റെ പ്രവർത്തകനും പഴയ റാവൽജിയുടെ അമ്മാവനുമാണ്.അവിടെ ഒരു ലോഡ്ജും നടത്തുന്നുണ്ട്.
പിന്നീട്
ഉച്ചയൂണിന് ആലു പൊറൊട്ടയും കഴിച്ച് മാനാഗ്രാമത്തിലേക്ക് പോയി.

മാനാ
ഗ്രാമം ഇന്ത്യൻ അതിർത്തിയിലെ അവസാന ഗ്രാമമാണ്.ബദ്രിനാഥിൽ നിന്നും 2 കി മി മാത്രം.സമുദ്രനിരപ്പിൽ നിന്ന് 3118മി ഉയരത്തിലാണ് മാനാഗ്രാമം എന്ന് മനസ്സിലാക്കാൻ അധികനേരം വേണ്ടി വന്നില്ല,മുകളിലേക്ക് കയറാൻ തുടങ്ങിയതോടെ പട്ടിയ അണയ്ക്കും പോലെ അണയ്ക്കാൻ തുടങ്ങി. മാനായിൽ നിന്ന് മുകളിലേയ്ക്ക് കയറിയാൽ വ്യാസഗുഹ,ഗണപതി ഗുഹ എന്നീ സ്ഥലങ്ങൾ കാണാം.വ്യാസന്റെ എഴുത്തിന് വിഘാതം വരുത്തി തുള്ളിക്കളിച്ച് ഒച്ചയുണ്ടാക്കി പോയ സരസ്വതിനദിയെ ശപിച്ച് പാതാളത്തിലേയ്ക്ക് ഒഴുക്കിയ സ്ഥലവും ഇവിടെത്തന്നെ.ശരിയ്ക്കും നദി അപ്രത്യക്ഷമാകുന്നത് നമുക്ക് കാണാൻ കഴിയും!!! സ്വർഗ്ഗാരോഹണയാത്രയിൽ നദി മുറിച്ചുകടന്നു പോകാൻ ബുദ്ധിമുട്ടിയ പാഞ്ചാലിയ്ക്ക് ഭീമസേനൻ തന്റെ കൈകൊണ്ടു എടുത്ത് വെച്ചുകൊടുത്ത വലിയൊരു പാറയും(ഭീമൻ പാറ)നദിയ്ക്ക് കുറുകെ കാണാം. കാഴ്ചകളെല്ലാം കണ്ടു തീർന്നപ്പോഴേയ്ക്കും 4 മണിയാകാറായി.എല്ലാം ഭംഗിയായി കഴിഞ്ഞു.എങ്ങനെ അകാതിരിയ്ക്കും?? ട്രിപ്പിന്റെ ടൈം കീപ്പർ ഞാനാണല്ലോ!!!

ഇനി
മടക്കം;4 മണിയുടെ അവസാന ബാച്ചിൽ പോകാമെന്ന്,ശങ്കിച്ച് നിന്ന ഷിംജിയേട്ടനോട് ഞാൻ പറഞ്ഞു. തിരികെ പോരുമ്പോൾ ഒന്നുകൂടി ഇറങ്ങി തൊഴുതാലോ എന്ന് മൗനമായി സംവദിച്ച ഷിംജിയെട്ടനെ വാച്ച് ചൂണ്ടി ഞാൻ കണ്ണുരുട്ടി. ശങ്കരേട്ടനെ ഞാൻ വിളിച്ചു,
"
ഇനി ഇറങ്ങാൻ നിൽക്കുന്നില്ല ശങ്കരേട്ടാ..ഞങ്ങൾ വഴി തിരിച്ച് പോകുകയാണ്"..
പറഞ്ഞു
മൊബൈൽ താഴെ വെച്ചില്ല,ഒരാൾക്കൂട്ടം വഴിയിൽ... അല്ല വഴിയെന്നു പറയാനാവില്ല..കുറെ പാറക്കൂട്ടങ്ങളും ...ഒരു ചെറു വെള്ളച്ചാട്ടവും... അത് റോഡ് ഒലിച്ച് പോയതാണെന്ന് മന:സ്സിലാക്കാൻ അധികസമയം വേണ്ടി വന്നില്ല. ഞങ്ങൾക്ക് മുൻപ് ഒരു വണ്ടിയേ ഉള്ളൂ..അതായത് സംഭവം കഴിഞ്ഞിട്ട് അധികനേരമായിട്ടില്ല എന്നു സാരം. ചുറ്റിപ്പറ്റി കുറച്ച് പോലീസുകാർ..കുറച്ച് നാട്ടുകാർ.. ഞങ്ങൾ ഇറങ്ങി ചോദിച്ചു..ആർമ്മി വന്നാലേ എന്തെങ്കിലും നടക്കൂ..അതും ഒഴുകി വരുന്ന വെള്ളച്ചാട്ടത്തിന്റെ ശക്തി ഒന്നു കുറയണം. നല്ല കാലാവസ്ഥയായിരുന്നല്ലോ..പിന്നെ ഇതെങ്ങനെ പറ്റി?? അവിടെയൊക്കെ ഇങ്ങനെയാണത്രേ..പകൽ മുഴുവൻ വെയിലാണെങ്കിൽ മഞ്ഞുമല കൂടുതൽ ഒരുകും..വെള്ളത്തിന്റെ ഒഴുക്കു കൂടും..റോഡൊലിച്ച് പൊകും!!! കൊള്ളാം...ഒന്നുകിൽ ആശാന്റെ നെഞ്ചത്ത്..കളരിയ്ക്ക് പുറത്തിരുത്താം എന്നു നിരുവിച്ചാലും ആശാന്റെ നെഞ്ചത്ത്...വെയിലായാലും മഴയായാലും മഞ്ഞായാലും എല്ലാം യാത്രക്കാരന്റെ നെഞ്ചത്ത്.എനിയ്കാകെ ദേഷ്യം വന്നു..എല്ലാം സമയത്ത് വന്നതാണ്..നാശം.ഇനിയിപ്പോ രക്ഷയില്ല..എന്തെങ്കിലും നടക്കണെങ്കിൽ അടുത്തദിവസം നേരം പുലരണം..ഞാൻ സമയക്കണക്കുകൾ കൂട്ടിയും കിഴിച്ചും തുടങ്ങി. നല്ലൊരു വാർത്തയുമായി വിക്രം സിംഗ് ഒരു ബീഡിയും വലിച്ചുകൊണ്ട് ഒരു ചെറിയ പുഞ്ചിരിയുമായി വന്നു.
"
സാബ് തീൻ ദിൻ കെ ലിയെ കുച്ച് ഹൊനെ വലാ ഹെ" 3 ദിവസത്തേക്ക് ഒരു പിണ്ണാക്കും നടക്കാൻ പോണില്ലാ എന്ന്.!!!എനിക്ക് കരച്ചിൽ വന്നു പോയി. അമ്മയ്ക്ക് പ്രാണവേദന,മോൾക്ക് വീണവായന..contractual agreement പ്രകാരം പ്രകൃതിക്ഷോഭം കൊണ്ട് വരാവുന്ന delayയ്ക് ,ദിവസം ഒന്നുക്ക് 800 . അയാൾക്ക് കിട്ടും...അതും വെറുതെ. വെറുതെയല്ല അയാൾക്കിത്ര സന്തോയം. ഷിംജിയേട്ടൻ അക്ഷോഭ്യനായി നിലകൊണ്ടു..നമുക്കു തിരിച്ച് പോകാം.താമസിക്കാനിടമുള്ള സ്ഥലമാണല്ലോ എന്നാശ്വസിക്കാം എന്ന് പറഞ്ഞു... എന്നാലും നമുക്ക് തിരികെ എത്തേണ്ടതല്ലേ?? ഇപ്പൊ തന്നെ സമയം..അയ്യോ സമയം...വാച്ച് അനങ്ങുന്നില്ലല്ലോ...വാച്ചിന്റെ വെടിയും തീർന്നു...ഞാൻ വിഷണ്ണനായി...തിരികെ ബദ്രിയിലേക്ക് പോന്നു.ഇളിഞ്ഞചിരിയുമായി വീണ്ടും ശങ്കരേട്ടനെ വിളിച്ചു,"ശങ്കരേട്ടാ ഞങ്ങൾ എത്തി,ഇന്നു ശങ്കരേട്ടന്റെ കൂടെ"

സന്ധ്യയാകുന്തോറും
പ്രകൃതി ആകെ മാറുന്നതായി തോന്നി..മഞ്ഞുരുകൽ നദിയിലും കണ്ട് തുടങ്ങി..പടവുകളോരോന്നായി മുങ്ങി വെള്ളമുയരുന്നത് നോക്കി നിൽക്കുമ്പോൾ തന്നെ കാണാം.രാവിലെ കണ്ട തിരക്ക് പെട്ടെന്നങ്ങൊഴിഞ്ഞു..ഭിക്ഷാംദേഹികളായ സാധുക്കൾപോലും മാളങ്ങളിലേയ്ക് വലിഞ്ഞു.കടകൾ ഒരോന്നോരോന്നായി അടഞ്ഞു. ആകാശത്ത് മഴ മേഘങ്ങൾ വട്ടമേശസമ്മേളനം തുടങ്ങി..ഇടിമുഴക്കത്തിന്റെ ആവിശ്യമേ ഉണ്ടായിരുന്നില്ല..നെഞ്ചിനുള്ളിൽ അതിനും കൂടി ചേർത്ത് ഇടിവാൾ മിന്നി.മഴകൂടി പെയ്താൽ...എന്ന് തിരിച്ച് പോകും...??തണുപ്പ് ഇഴഞ്ഞിഴഞ്ഞ് അതിന്റെ ആക്രമണം തുടങ്ങി.മുറിക്കുള്ളിൽ തണുപ്പ് കെട്ടിനിന്ന് എല്ലാറ്റിനും നനവ്.കട്ടിലിൽ ഇരിക്കാൻ പോലും വയ്യ.ഞങ്ങൾക്ക് കിട്ടിയ മുറി നദിയിലേക്ക് തുറക്കുന്ന ബാൽക്കണിയോട് കൂടിയതായിരുന്നു.നദിയുടെ ഭാവാമാറ്റം ഭയപ്പെടുത്തുന്നതു തന്നെയായിരുന്നു.അളകനന്ദയുടെ കിളിക്കൊഞ്ചലൊക്കെ പതുക്കെ മാറി.കള്ളിയങ്കാട്ട് നീലിയുടെ പൊട്ടിച്ചിരി പോലെയായി. ഇപ്പോൾ അസ്വസ്തത ഷിംജിയേട്ടനെ കൂടി ബാധിച്ചതായി തോന്നി..ഒരാശ്വാസമെന്നോണം ഞങ്ങൾ തമ്മിൽ നോക്കി ചിരിച്ച് കൊണ്ടിരുന്നു..ഞങ്ങളുടെ ഭാവം കണ്ടാൽ ഞങ്ങളേപ്പോലെ സഞ്ചാരികളല്ലാത്ത ഏതൊരാൾക്കും ചിരിച്ച് മണ്ണ് കപ്പാനുള്ള വകുപ്പ് ഉണ്ടാകുമായിരുന്നു.തീർച്ച..!!!

അവിടുന്നുതന്നെ ഡിന്നർ കഴിക്കാമെന്ന ശങ്കരേട്ടന്റെ ക്ഷണം ഞങ്ങൾ നിരസിച്ചില്ല.സീസൺ അല്ലാത്തതിനാൽ ലോഡ്ജിൽ ഞങ്ങളെക്കൂടാതെ ശങ്കരേട്ടനും മറ്റൊരു ജടാധാരിയായ സ്വാമിയും പിന്നെ സഹായിയായി ബലേട്ടനെന്നൊരാളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പഴ എതോ ഒരു ഭജൻ റെക്കോഡായി വെച്ച് അതിനു താളത്തിൽ ചെറുതായി ആടിയും പാടിയും ശങ്കരേട്ടൻ,അൽപ്പഭാഷിയായി ജടാധാരി സ്വാമി, അരണ്ട വെളിച്ചം എല്ലാം കൂടി ആയപ്പോൾ എനിയ്ക്ക് വട്ടുപിടിയ്ക്കണപോലെ തോന്നി.പ്രകൃതിയ്ക്കും മനുഷ്യർക്കുപോലും വല്ലാത്ത ഒരു നിഗൂഢത. ഇവിടെ വരാൻ തോന്നിയ നിമിഷത്തെ ശപിച്ചു.രാമചന്ദ്രനെ പുച്ഛിച്ച വാക്കുകൾക്ക് പശ്ചാത്താപം.എകാന്തതയുടെ ഒറ്റപ്പെട്ട ഏതോ ഒരു താഴ്വരയിൽ വീണുപോയപോലെ.ജീവിതഭാരങ്ങളേയും തിരക്കുകളേയും ഒരുനിമിഷത്തേങ്കിലും വല്ലാതെ സ്നേഹിച്ച് പോയി.
ജീവനറ്റ
വാച്ചിലേയ്ക്കും നോക്കി... നോക്കി ….
നദിയുടെ അട്ടഹാസങ്ങളിൽ അവസാനം താളം കണ്ടെത്തി..
താളം താരാട്ടാക്കി...എപ്പോഴോ ഉറക്കത്തിലേയ്ക്ക് വഴുതി വീണു..

വാൽക്കഷ്ണം

പ്രകൃതി തന്നെ ഈശ്വരനാകുന്ന "ദേവഭൂമിയിൽ";എന്തിനൊക്കെയോ വെട്ടിപ്പിടിക്കാനുള്ള,എവിടെയൊക്കെയോ എത്തിച്ചേരാനുള്ള പരക്കം പാച്ചിലിനിടയിൽ ഒരു മനുഷ്യജന്മത്തിന്റെ നിസ്സാരതയെ ഓർത്ത്,നിസ്സഹായത തിരിച്ചറിഞ്ഞ്,സ്ഥലകാലഭ്രമങ്ങളിൽ നിന്ന് നൈമിഷികമെങ്കിലും വിടുതൽ നേടി,ബദ്രീനാഥന്റെ അതിഥിയായി ഒരു രാത്രി ചിലവഴിയ്ക്കണമെന്ന നിയതിയെ തടഞ്ഞുനിർത്താൻ ഞാനാരാണ്..??

നേരം പുലർന്ന് തപ്തകുണ്ഢിലെ കുളിയും കഴിഞ്ഞ് വീണ്ടും തൊഴുത് ഇറങ്ങിയപ്പോഴേയ്ക്കും റോഡ് ഗതാഗതയോഗ്യമാകുന്നു എന്ന ശുഭവാർത്തയെത്തി.

അത്ഭുതമെന്നേ പറയാൻ പറ്റൂ...മടക്കയാത്ര തുടങ്ങുന്നതിനു മുൻപു;നിന്നുപോയ എന്റെ വാച്ച് പഴയപടി ഓടാൻ തുടങ്ങി... യാത്രയിലുടനീളം ഒരു തടസ്സവും നേരിട്ടില്ല... ഇതുവരെ വാച്ചിനും....!!!

അനുബന്ധം (കാഴ്ചകൾ)